(സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പാരിപ്പള്ളി ഗണേഷ് സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം)
1. ഒരു സവിശേഷ മനുഷ്യസമൂഹം പൊതുവായി അനുഷ്ഠിക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും നിര്‍ണ്ണയിക്കുന്നതാണ് അവരുടെ മതം. പൊതുവായ ദൈവം/ പ്രപഞ്ച വീക്ഷണം/ അനിഷേധ്യനായ ആചാര്യന്‍ ഇവയാണ് മതത്തെ പ്രബലമാക്കുന്ന ഘടകങ്ങള്‍. 2. നിരപരാധികളായ പൊതുജനങ്ങളെ മുറിവേല്പ്പിച്ചും അപായപ്പെടുത്തിയും കൊന്നും ഭയം പടര്‍ത്തി അധികാരത്തെയും പൊതുബോധത്തെയും വരുതിയില്‍ കൊണ്ടുവരാനുള്ള ആസൂത്രിതമായ പ്രവര്‍ത്തനമാണ് ഭീകരവാദം. 3. സ്വതന്ത്ര ഭാരതം വിഭാവനം ചെയ്തിട്ടുള്ള ജനാധിപത്യം, പരമാധികാരം, സ്വാതന്ത്ര്യം എന്നിവ സംരക്ഷിച്ച് മതേതരത്വം, സോഷ്യലിസം എന്നീ സാമൂഹിക സങ്കല്പങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്ന പൌരസമൂഹത്തിന്റെ കര്‍ത്തവ്യമാണ് ഭാരതത്തിന്റെ ഭാവി എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. 4.ഹിന്ദു മതം, ഇസ്ലാം മതം, ക്രിസ്ത്യന്‍ മതം ഇവയാണ് ഭാരതത്തിലെ പ്രബലമായ മതങ്ങള്‍.
സത്യത്തില്‍ ഹിന്ദുമതം എന്നൊന്നില്ല. എബ്രഹാമിക് മതങ്ങള്‍ അവരില്‍ പെടാത്ത ഭാരതീയരെ തിരിച്ചറിയാന്‍ ഉദ്ദേശിച്ചു രൂപീകരിച്ച സംജ്ഞ ചരിത്രപരമായ സവിശേഷതകള്‍ കൊണ്ട് ഹിന്ദുമതം എന്നു വ്യാജമായി രൂപാന്തരം പ്രാപിച്ചതാണ്. മതബോധം ഹിന്ദുവിന്റെ സഹജഗുണമല്ല.അത് വൈദേശിക മതങ്ങളില്‍ നിന്നു കടംകൊണ്ടതാണ്. ഇവിടേക്കുവന്ന ക്രിസ്ത്യന്‍- ഇസ്ലാം മതങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ അനുയായികളെ അധികാരികള്‍ സംഭാവന ചെയ്യുകയായിരുന്നു. പിന്നീട് അധിനിവേശത്തിലൂടെ മതപ്രചരണം നടന്നു. തുടര്‍ന്ന് അവര്‍ണ്ണര്‍ മേലാളന്മാരുടെ ക്രൂരതകളില്‍നിന്നു രക്ഷനേടാന്‍ മതം മാറി. പക്ഷെ സവര്‍ണ്ണര്‍ക്ക് അതില്‍ എതിര്‍പ്പില്ലായിരുന്നു. മാത്രമല്ല, അങ്ങനെ പോയവര്‍ക്ക് ആയിത്താചരണത്തില്‍ ഇളവും കിട്ടി.. അതേസമയം മനുഷ്യരാകുവാന്‍ വേണ്ടി മതപരിവര്‍ത്തനം നടത്തിയ അവര്‍ണ്ണര്‍ക്ക് പുതുമതങ്ങളില്‍ അവര്‍ സ്വപ്നം കണ്ട സ്ഥാനം ലഭിച്ചില്ല. ജാതിവ്യവസ്ഥ അതിലേക്കും പടര്‍ന്നു. ഗോത്രശുദ്ധി ജാതിയടിസ്ഥാനത്തില്‍ സംരക്ഷിക്കപ്പെട്ടതുകൊണ്ട് മതവികാരമെന്ന പൈശാചികത്വം ഇവിടെ അന്യമായിരുന്നു. അതു പക്ഷെ, സെമിറ്റിക് മതങ്ങള്‍ ഇവിടേയ്ക്ക് ഇറക്കുമതി ചെയ്തു. അതു കഴിഞ്ഞ് പുതിയ വ്യവസ്ഥിതിയില്‍ ആളെണ്ണത്തിനു വിലയുണ്ടെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ അധികാരം നഷ്ട്ടപ്പെട്ട സവര്‍ണവര്‍ഗ്ഗം സെമിറ്റിക് മതങ്ങളില്‍നിന്നു മതവികാരം കട്ടെടുത്തു. അതോടെ ഭാരതസംസ്കാരത്തിലെ ബഹുസ്വരതയെന്ന ശക്തി നമുക്ക് നഷ്ടമാവുകയും ജാതിവ്യവസ്ഥയെന്ന അര്‍ബുദം നിലനില്‍ക്കുകയും ചെയ്തു.
വര്‍ത്തമാനകാല മാനവികത നമ്മോടാവശ്യപ്പെടുന്നത് സമ്പൂര്‍ണമായ ജനാധിപത്യമാണ്. സാമൂഹികമായ നീതിയും ചിന്താപരമായ സ്വാതന്ത്ര്യവും പുതിയ മനുഷ്യന്റെ അവകാശമാണ്. നിര്‍ഭാഗ്യവശാല്‍ നിലനില്‍ക്കുന്ന മതങ്ങള്‍ ജനാധിപത്യത്തിന്റെ പ്രവാചകരല്ല. വ്യാഖ്യാനങ്ങള്‍ കൊണ്ട് മറയിടാന്‍ ശ്രമിച്ചാലും മതങ്ങളുടെ വംശാഭിമാനവും യജമാനത്വവും വിഭ്രംജിച്ചു നില്‍ക്കുന്നു. വംശീയതയുടെ രക്തശുദ്ധിയില്‍ അഭിരമിച്ചിരുന്നവര്‍ അപരനെ ആട്ടിപ്പയിച്ചപ്പോള്‍ മറ്റുള്ളവര്‍ വാള്‍ത്തലകൊണ്ട് വെട്ടിവീഴ്ത്തി സാമ്രാജ്യങ്ങള്‍ വലുതാക്കി. ചരിത്രത്തിലെ ഏറ്റവും ഭീകരമായ നിമിഷങ്ങളാണ് മതങ്ങള്‍ ഇങ്ങനെ ലോകത്തിനു സംഭാവന ചെയ്തത്. രൂപഭാവങ്ങള്‍ മാറിയെങ്കിലും ഈ വെറി ഇന്നും തുടരുന്നു. മതഭീകരവാദത്തിന്റെ വേരുകള്‍ ഇവിടെനിന്നാണ് കണ്ടെടുക്കേണ്ടത്. ഇന്നും മതം യുദ്ധഭീഷണി നിലനിര്‍ത്തുന്നു. വിശ്വാസികളെ ഒന്നിച്ചു നിര്‍ത്തുവാനുള്ള തന്ത്രം. അതിനായി വ്യാജമായ പ്രതിയോഗികളെ അതു നിര്‍മ്മിച്ചുകൊണ്ടെയിരിക്കും. മതത്തിനു വേണ്ടി മരിക്കുന്നവര്‍ക്കു സ്വര്‍ഗ്ഗവും സ്വര്‍ഗത്തില്‍ സകല സുഖഭോഗങ്ങളും വാഗ്ദാനം ചെയ്യും. ശൈശവം മുതല്‍ ചെറുതായി തിന്നു നിറഞ്ഞ വിഷമാണ് മതം. അതു മനുഷ്യവര്‍ഗത്തിന് ആന്ധ്യം മാത്രം നല്‍കിയിരിക്കുന്നു. ദൈവവുമായി ഇന്നതിനൊരു ബന്ധവുമില്ല. മതം ഇന്ന് രോഗം ബാധിച്ച നമ്മുടെ ഒരു അവയവമാണ്.
ഭാരതത്തിന്റെ ബഹുസ്വര പരിസരത്തില്‍ മതങ്ങളുടെ പ്രസക്തിയെന്താണ്? പൊതുവേ മതസൌഹാര്‍ദ്ദം മതേതരത്വത്തിലേക്കുള്ള പാതയായാണ് പലരും കാണുന്നത്. പക്ഷെ അതൊരു വ്യാജ സങ്കല്‍പ്പമാണ്. സമൂഹ വഞ്ചനയില്‍ ആത്മവഞ്ചന കലര്‍ത്തിയ കലാപരിപാടി. സ്വന്തം മതമാണ് ലോകത്തിലെ ഏറ്റവും സമ്പൂര്‍ണമായ മതമെന്നു കരുതുന്നയള്‍ക്ക് മറ്റു മതങ്ങളോടുള്ള സമീപനമെന്തായിരിക്കും? എല്ലാ മതവിശ്വാസിയും 99 % യുക്തിവാദിയാണെന്ന് പറയാറുണ്ട്- സ്വന്തം മതം ഒഴിച്ചുള്ളവയില്‍. എത്ര പേര്‍ക്ക് സര്‍വമതസാരവും ഏകമാണെന്നു പറയാനൊക്കും? ഏതു ദൈവമാണ് ശരി? തന്റെ ദൈവമോ? അതോ അന്യന്റെ ദൈവമോ? എല്ലാ ദൈവവും ഒന്നാണെങ്കില്‍ പിന്നെ എന്തിനു പല മതങ്ങള്‍? മനസ്സില്‍ മതസൌഹാര്‍ദ്ദം ആരംഭിക്കുന്നിടത്ത് മതം മരിക്കാന്‍ തുടങ്ങുന്നു. പക്ഷെ എത്രപേര്‍ക്ക് അതനുവദിക്കാന്‍ കഴിയും? ഭാരതം മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലാണെന്നു കരുതൂ. എല്ലാപേര്‍ക്കും രക്ഷപെടണമെങ്കില്‍ അടിയന്തിരമായി ഒറ്റ മാര്‍ഗം മാത്രം. ഓരോരുത്തരും സ്വന്തം ഭാണ്ഡത്തിലെ ഭാരം പകുതിയായി കുറയ്ക്കുക. നിങ്ങളുടെ മാറാപ്പില്‍ രണ്ടേ രണ്ടു സാധനങ്ങള്‍. ഒന്ന് മതം. മറ്റൊന്ന് ദൈവം. ഒരെണ്ണം ഉപേക്ഷിക്കണം. നിങ്ങള്‍ ഏത് ഉപേക്ഷിക്കും? നിങ്ങള്‍ എങ്ങനെയനെന്നറിയില്ല. പലരും മതത്തിനു വേണ്ടി മരിക്കാനും തയ്യാറായി നില്‍ക്കുന്നു. ഇത്തരം മതബോധത്തെ നിലനിര്‍ത്തി ഭീകരവാദത്തെ ഇല്ലാതാക്കാമെന്നു കരുതുന്നത് മൂന്നു നേരം ബീഫ് കഴിച്ചു കൊളസ്ട്രോള്‍ കുറയ്ക്കാമെന്ന് കരുതുന്നതുപോലെയാണ്.
മതത്തെ സാമൂഹികമായ ഇടങ്ങളില്‍നിന്നു മാറ്റിനിര്‍ത്താന്‍ കഴിയണം. ബഹുസ്വര സമൂഹത്തില്‍ മതം ഒന്നിന്റെയും അളവുകോലാകരുത് . ജനനം, വിദ്യാഭ്യാസം, വിവാഹം, തെരെഞ്ഞെടുപ്പ്, സ്വയംസഹായ സംഘങ്ങള്‍, രക്തദാനം, രാഷ്ട്രീയം, സംവരണം ഇവയൊന്നിലും മതത്തിനു സ്ഥാനമുണ്ടാകരുത്. വ്യാജമായ രക്തശുദ്ധിയിലാണ് ഇന്ന് മതം പിടിച്ചുനില്‍ക്കുന്നത്. മതേതരമായ വിവാഹങ്ങള്‍ ആക്രമിക്കപ്പെടുന്നത് ഇതുകൊണ്ടാണ്. എല്ലാക്കാലത്തേക്കുമായി ഉണ്ടായി എന്നു കരുതുന്ന മതഗ്രന്ഥങ്ങള്‍ നിഷ്പക്ഷ വായനയില്‍ തമാശ സൃഷ്ട്ടിക്കും. അതു പുതിയ ജനാധിപത്യ പരിസരത്തിനും ശാസ്ത്രബോധത്തിനും അനുസൃതമായി തിരുത്തി എഴുതണം.ആനയെ ചേനയാക്കുന്ന വ്യാഖ്യാനങ്ങള്‍ പാപമാണ്.
പുരുഷന്റെ പൂര്‍ണതയാണ് ലോകാവസാനമെന്നു ഇന്നാരും പറയില്ല. പക്ഷെ മതഗ്രന്ഥങ്ങള്‍ നിര്‍ഭാഗ്യവശാല്‍ അതു പറഞ്ഞു വച്ചിട്ടുണ്ട്. സ്ത്രീ മനുഷ്യന്റെ സാമൂഹികവും സാമ്പത്തികവും ലൈംഗികവുമായ എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹയാണ്. അടിമയെന്നോ അധസ്ഥിതനെന്നോ ഉള്ള ചിന്തകള്‍ പോലും മുറിച്ചു മാറ്റണം. നീതിപൂര്‍വമായ വിതരണവും ചൂഷണ വിമുക്തമായ സാമ്പത്തിക ഘടനയും വേണം. ആദിവാസികള്‍, പ്രാചീന ഗോത്രങ്ങള്‍,സ്വവര്‍ഗ രതിക്കാര്‍ തുടങ്ങി സ്വത്ത്വ പ്രതിസന്ധി നേരിടുന്ന ഏതു വിഭാഗത്തിനും സ്വയം നിര്‍ണയാധികാരം വരണം. സുസ്ഥിരമായ വികസന സങ്കല്‍പ്പങ്ങളും പരിസ്ഥിതി ബോധവും പുലരണം. ചിന്താപരമായ സര്‍വതന്ത്ര സ്വാതന്ത്ര്യം മനുഷ്യന്റെ അവകാശമാകണം. ശിശുക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അവര്‍ അച്ഛനമ്മമാരുടെ അടിമകളല്ല. . പ്രായപൂര്‍ത്തിയാകുംവരെ അവരില്‍ നിര്‍ബന്ധിത മതബോധം കുത്തിവയ്ക്കരുത്... ഇങ്ങനെ നാടിന്റെ ജനാധിപത്യ ഭാവിയെ ബാധിക്കുന്ന ഒട്ടനവധി സമസ്യകള്‍ക്കുത്തരം മതത്തിന്റെ ഭീകരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മതബോധം ഉയരുന്നതിനനുസരിച്ച് ചിന്തകള്‍ തീവ്രമാകും. മതതീവ്രതയുടെ സഹജ രൂപമാണ് ഭീകരത. ജനാധിപത്യ സാക്ഷരത കൊണ്ട് ചിന്തിച്ചാല്‍ മതത്തിന്റെ ഭീകരത അതിന്റെ ഓരോ അണുവിലും ദര്‍ശനീയമാണ്.
പക്ഷെ, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭൈമീ കാമുകാരായ രാഷ്ട്രീയക്കാര്‍ മതത്തെ സുഖിപ്പിക്കുന്നതില്‍ മത്സരിക്കുന്ന കാലമാണിത്. അന്ധവിശ്വാസങ്ങളെക്കുറിച്ചു പറയേണ്ടിവരുമ്പോള്‍ അവരിപ്പോഴും ചാത്തന്‍, മാടന്‍ , മറുത തുടങ്ങിയ വംശനാശം വന്ന ജീവികളെക്കുറിച്ചുമാത്രമേ പറയൂ. മതത്തിന്റെ സംഘടിതശക്തി സംഭാവന നല്‍കുന്ന ട്രോജന്‍ കുതിരയെ അവര്‍ പ്രണയിക്കുന്നു. അതിനൊപ്പം ഫ്രീയായിക്കിട്ടുന്ന ഭീകരവാദം കൊഴുത്തുതടിച്ചു പുറത്തിറങ്ങുമ്പോള്‍ വാപൊളിച്ചുനിന്നു ബുദ്ധിമാന്ദ്യം കളിക്കുകയുംചെയ്യുന്നു. നാം ചെയ്യുന്ന ഏതൊരു പ്രവൃത്തിയും രാജ്യത്തെ ഏറ്റവും ദരിദ്രമായ ജനതയ്ക്ക് എന്തെങ്കിലും തരത്തില്‍ പ്രയോജനപ്പെടുമോ എന്നു പരിശോധിച്ചുവേണം ചെയ്യുവാനെന്ന ഗാന്ധിജിയുടെ ഒറ്റ വാചകം പുതിയ കാലത്തിന്റെ ബൃഹത്തായ വേദപുസ്തകമാണ്. മതം കൊണ്ട് ഇന്ന് ഈ വിഭാഗത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ? ദൈവമാണ് നിങ്ങള്‍ക്കു വേണ്ടതെങ്കില്‍ ആ ദൈവത്തെ മതത്തില്‍ നിന്നു മോചിപ്പിക്കുക. നമുക്ക് നമ്മുടെ ദൈവം എന്നു പറയുന്ന ഒരാള്‍ നിങ്ങളുടെ സഹോദരനെ ശത്രുവായിക്കാണാന്‍ പ്രേരിപ്പിക്കുകയാണ്. മാനവികതക്കു നേരെയുള്ള ഭീകരവാദമാണത്. നിങ്ങളുടെ മതം നിങ്ങളുടെ മാത്രം ശരിയാണെന്ന സത്യവും ആ സത്യത്തില്‍ ഉറച്ചുനില്‍ക്കുവനുള്ള അവകാശവും മതമേധാവികള്‍ക്ക് വിട്ടുകൊടുക്കരുത്. സ്വന്തം ഹൃദയം പ്രപഞ്ചത്തോളം തുറന്നുപിടിക്കാനുള്ള അവസരവും സ്വന്തം ജീവിതം കൊണ്ട് ലോകമെമ്പാടുമുള്ള മനുഷ്യരോടു സാഹോദര്യം പ്രഖ്യാപിക്കുവാനുള്ള സൌഭാഗ്യവും നഷ്ടപ്പെടുത്തരുത്. ആധുനികമായ തിരിച്ചറിവുകള്‍ സ്വായത്വമാക്കാന്‍ കഴിയുന്ന മതത്തിനു മാത്രമേ നാളത്തെ ജനതയുടെ പരിഗണയ്ക്ക് കൂടി അര്‍ഹതയുള്ളൂ.
മതേതരമായ പൊതുയിടങ്ങള്‍ വ്യാപകമാക്കിക്കൊണ്ടു മാത്രമേ മതവികാരമെന്ന വിഷത്തെയും മതഭീകരതയെന്ന സര്‍പ്പത്തേയും ഇല്ലാതാക്കാന്‍ കഴിയൂ. ഓരോരുത്തരും തങ്ങള്‍ ജനിച്ചുവളര്‍ന്ന മതത്തിനുള്ളിലെ അന്ധതകള്‍ക്കുനേരെ പ്രകാശം ചൊരിയണം. എല്ലാ മതഗ്രന്ഥങ്ങളും നിരന്തരമായ ചര്‍ച്ചയ്ക്കു വിഷയമാക്കണം. അവയില്‍ നിന്നു ജനാധിപത്യ ഭാരതത്തിനു ഹിതകരമായ പ്രബോധനങ്ങള്‍ മാത്രം സ്വീകരിക്കുകയും പഴകിപ്പോയവ കാലഹരണപ്പെട്ടതെന്ന കുറിപ്പോടെ എഴുതിമാറ്റുകയും ചെയ്യണം. ഭീകരവാദത്തിനു മതമില്ല തുടങ്ങിയ ഞാണിന്മേല്‍ക്കാളികള്‍ അടിയന്തിരമായി അവസാനിപ്പിക്കണം. മതം ആറ്റംബോംബിനെക്കള്‍ അപകടം പിടിച്ച ഒരു യാഥാര്‍ത്ഥമായിക്കണ്ട് ആറ്റംബോംബിനു കൊടുക്കുന്ന എല്ലാ പരിഗണനയും ജാഗ്രതയും ആ ഭീകര യാഥാര്‍ത്ഥ്യത്തിനു നല്‍കണം. ഈ ഒറ്റ വഴിയല്ലാതെ ഭാരതത്തിന്റെ ഭാവി കൈവരുത്തുവാന്‍ മറ്റെന്തെങ്കിലും മാര്‍ഗമുണ്ടെന്നു എനിയ്ക്കു തോന്നുന്നില്ല.